www.facebook.com/groups/malayalamblogwriters/doc/302918926471558/

ജാലകം

Tuesday 31 December 2013

ഇവന്‍ എന്റെ പ്രിയ ബ്രൂണോ

ഇവന്‍ എന്റെ പ്രിയ ബ്രൂണോ

സര്‍ക്കാര്‍ജോലിക്കാര്‍ക്ക് വേണ്ടി അനുവദിച്ച ക്വോട്ടേര്‍സില്‍ നിന്നു കാക്കനാട് വാങ്ങിയ പുതിയ വീട്ടിലേക്കു ഞങ്ങള്‍ താമസം മാറിയ സമയം. എട്ടുവയസ്സുകാരനായ ഞങ്ങളുടെ മകന്‍ വഴിയില്‍ കാണുന്ന നായക്കുട്ടികളെയൊക്കെ വളര്‍ത്താനായി വേണമെന്ന് വാശി പിടിച്ചു കൊണ്ടിരുന്നു. നിര്‍ബന്ധം സഹിക്കാതായപ്പോള്‍ എന്റെ ഭര്ത്താവ് കൂടെ ജോലി ചെയ്യുന്ന ആളുടെ വീട്ടില്‍ ആയിടെ പ്രസവിച്ച ടോബെർമാൻ  കുഞ്ഞിനെ വളർത്താനായി ആവശ്യപ്പെട്ടു. ആ നായക്കുട്ടിക്കു സിനിമയുമായും വിദൂരബന്ധമുണ്ട്. അവന്റെ അമ്മ - നമ്മുടെ സിനിമാനടൻ മോഹന്‍ ലാലിന്റെ അമ്മാവനായ രാധാകൃഷ്ണൻ നായരുടെ  വീട്ടിൽ ഉള്ള ജൂലി എന്ന പേരുള്ള  ടോബെർമാൻ നായ. അച്ഛൻ അടുത്തവീട്ടിലെ ഒരു ബൊക്സെറും.  രാധാകൃഷ്ണൻ നായരും ഭാര്യയും ആ  കൊച്ചു കറുമ്പന്‍ നായക്കുട്ടിയെ ഉണ്ണിക്കുട്ടൻ എന്നാണു വിളിച്ചിരുന്നത്‌. അവന്റെ അമ്മയുടെ മണമുള്ള ഒരു കൈലിയിൽ   പൊതിഞ്ഞാണ് കാർഡ്‌ ബോർഡ്  പെട്ടിക്കുള്ളിൽ കിടന്നു കൊണ്ട് അവൻ ഞങ്ങളുടെ വീട്ടിലേക്കു പ്രവേശിച്ചത്. ഞങ്ങളുടെ മകനുള്ള പിറന്നാൾ സമ്മാനമായിരുന്നു  അവൻ.

പെറ്റു  ഇരുപത്തിനാലു ദിവസം മാത്രം പ്രായമായ  കൊച്ചു കറുമ്പന്‍ നായക്കുട്ടി.  വലുതായപ്പോള്‍ എണ്ണ  തടവിയ പോലെ മിന്നുന്ന കറുപ്പ് പുറത്തും വയറിലും മുഖത്തും ടാന്‍ കളറും  ആയി കാണുന്നവര്‍ക്ക് ഭയങ്കരനും ഞങ്ങളുടെ പ്രിയങ്കരനും ആയി മാറിയവന്‍ ബ്രൂണോ.  പുറത്തേക്കു നോക്കിയിരുന്ന തിളങ്ങുന്ന കണ്ണുകളും ഒടിഞ്ഞുവീണ  ചെവികളും മാത്രമാണ് ഞാന്‍ ആദ്യം കണ്ടത്. മക്കള്‍ക്ക്‌ സ്കൂളില്‍ അവധി കിട്ടുമ്പോഴൊക്കെ യാത്ര ഒരു ഹരമായി കണ്ടിരുന്ന ഞങ്ങള്‍ക്ക് ഇവന്‍ ഒരു ഭാരമാകുമല്ലോ എന്നാണു എനിക്ക് ആദ്യ കാഴ്ചയില്‍ തോന്നിയത്. നിലത്തു വെച്ചപ്പോൾ തറയുടെ മിനുമിനുപ്പിൽ അവന്റെ കുഞ്ഞിക്കാലുകൾ നാല് വശത്തേക്കും വഴുതി.  നില്ക്കാൻ അവൻ പെടാപ്പാട് പെടുന്നതും നോക്കി നടു വളച്ചു നിന്ന എന്റെ സുന്ദർ എന്ന പൂച്ചക്കുട്ടി ഒരു ശത്രുവേ കണ്ടത് പോലെ പുറകിലേക്ക് മാറി അവനെത്തന്നെ  നോക്കിയിരുന്നു..  

വെളുവെളെ വെളുത്ത ശരീരത്തിൽ   കടം വാങ്ങിയ പോലെ കറുത്തൊരു വാലും ഫിറ്റ്‌ ചെയ്തു ഒരു  സുന്ദരന്‍ പൂച്ചക്കുട്ടിയായിരുന്നു സുന്ദർ . എവിടെ നിന്നോ കയറി വന്നു വളരെ വേഗം എന്റെ മനസ്സിലേക്ക് കുടിയേറിയവന്.  നായപ്രേമിയായിരുന്ന എന്റെ ഭര്‍ത്താവിനു പൂച്ചകളെ ഇഷ്ടമല്ലായിരുന്നു.മുന്‍പില്‍ കാണുമ്പോള്‍ ചവിട്ടി തെറിപ്പിക്കുന്ന എന്റെ ഭര്‍ത്താവിനെ അവനു ഭയമായിരുന്നു. അദ്ദേഹത്തിന്റെ   മുന്നില്‍ വരാതിരിക്കാന്‍ സുന്ദര്‍ ശ്രദ്ധാലുവായിരുന്നു. അതിനാല്‍ എപ്പോഴും എന്നെ വിട്ടു മാറാതെ നടന്നു.  രാവിലെ 5 മണി കഴിഞ്ഞാല്‍  എന്റെ കട്ടിലിനടുത്ത്‌ വന്നു നിന്നു മ്യാവൂ മ്യാവൂ വിളിച്ചിട്ടും ഞാന്‍ ഉണര്‍ന്നില്ലെങ്കില്‍ രണ്ടു കാലില്‍ നിവര്‍ന്നു നിന്നു മുന്‍കാലുകള്‍ എന്റെ മുഖത്ത് വെച്ച് എന്റെ ചെവിയില്‍ പതുക്കെ മ്യാവൂ ശബ്ദമുണ്ടാക്കുന്നവന്‍. ഞാന്‍ ഉണര്‍ന്നാല്‍ എന്റെ കാലില്‍ മുട്ടിയുരുമ്മി അടുക്കളയിലേക്കു ആനയിച്ചു പാല് കാച്ചി തണുപ്പിച്ചു അവന്റെ പാത്രത്തില്‍ ഒഴിച്ച് കൊടുക്കുംവരെ എന്നെ വിടാതെ പിന്തുടര്‍ന്നിരുന്ന എന്റെ പ്രിയ ചങ്ങാതി. 

ബ്രൂണോയെ കൊ ണ്ട് വ ന്ന പ്പോ ള്‍ അമ്പരപ്പോടെ ഭയത്തോടെ ആ കറുത്ത ജന്തുവെ നോക്കിയ സുന്ദര്‍, പിന്നീട് ബ്രൂണോവിന്റെ ട്രെയിനെര്‍ ആയി സ്വയം  മാറിയത്  ഞങ്ങളെ ഏറെ രസിപ്പിച്ചു. അവനെ മൂത്രമൊഴിക്കാനും അപ്പിയിടാനും ശീലിപ്പിച്ചത് സുന്ദര്‍ ആയിരുന്നു. വലുതായപ്പോൾ പൂച്ചകളെ കണ്ടാല്‍ പറമ്പിന്റെ അറ്റം വരെ ഓടിച്ചു വിടുന്ന ബ്രൂണോ സുന്ദറിനെ മാത്രം സ്നേഹിച്ചു. സുന്ദര്‍ കഴിച്ചു തീരും വരെ കാത്തു നിന്നിട്ട് ബാക്കി വരുന്നത് മാത്രമാണ് ബ്രൂണോ കഴിച്ചിരുന്നത്. ഒരേ പാത്രത്തില്‍ നിന്നു പാല് കുടിച്ചും ചോറു  തിന്നും അവര്‍ ദിവസങ്ങള്‍ ഒരുമിച്ചു ചെലവിട്ടു.

സുന്ദറിനെ വിരട്ടാൻ അടുത്ത കന്യാസ്ത്രീമഠത്തിലെ ഒരു കണ്ടൻപൂച്ച ചില ദിവസങ്ങളില്‍  ഞങ്ങളുടെ വീട്ടിലെത്തുമായിരുന്നു. ഒരു രാത്രി ആ തടിയന്‍ പൂച്ച വന്നു സുന്ദറിനെ ഉപദ്രവിക്കുന്നത്  കണ്ടു.  ബ്രൂണോ പേടിച്ചു നിലവിളിച്ചത് കേട്ട്  എന്റെ ഭര്ത്താവ് ഓടിചെന്നു. കുഞ്ഞു ബ്രൂണോയുടെ   ഹൃദയം പടപടാ മിടിക്കുന്നത്‌ കേട്ട് അദ്ദേഹം അവനെ ഒരുപാട് നേരം നെഞ്ചിൽ  കിടത്തിയുറക്കി.  

സുന്ദറിനെ കെട്ടിപ്പിടിച്ചു കളിച്ചിരുന്ന ബ്രൂണോ വളര്‍ന്നപ്പോള്‍ അവന്റെ  ഭീമാകാരമായിരുന്ന ശരീരഭാരം സുന്ദറിനു താങ്ങാന്‍ കഴിയാതായി. അവന്‍ ബ്രൂണോവിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നു ഒഴിഞ്ഞുമാറി തടി രക്ഷിച്ചെടുക്കാന്‍ ശ്രദ്ധിക്കുമെങ്കിലും  സുന്ദര്‍  അവന്റെ ഇഷ്ടതോഴന്‍ തന്നെയായിരുന്നു.  അവരുടെ അപൂര്‍വ സ്നേഹബന്ധം കാണുന്നവര്‍ക്കെല്ലാം ആശ്ചര്യമായിരുന്നു. 

പപ്പയെവിടെ എന്ന് ചോദിച്ചാൽ  ചിരിച്ചു കൊണ്ട് എന്റെ ഭർത്താവിന്റെ നേരെ ഓടും. ചിലപ്പോള്‍ അവന്‍ കസേരയിൽ  കയറി ഇരിക്കും.  എനിക്കു അവന്‍ കസേരകളില്‍ ഇരിക്കുന്നത് ഇഷ്ടമല്ല എന്ന് അവനറിയാം. അതാ   മമ്മി വരുന്നു എന്ന് പറഞ്ഞാൽ മതി പേടിച്ചു ഇറങ്ങി ദൂരേക്ക്‌ ഓടും. 

ബ്രെഡ്‌ചപ്പാത്തി ഇവ ബ്രൂണോവിന്റെ ദൌർബല്യമായിരുന്നു. വെറുതെ ബ്രെഡ്‌ എന്ന് പറഞ്ഞാല്‍  അവന്റെ വായിൽ വെള്ളം ഒഴുകും. ഒരു ദിവസം അവന്റെ കൊതി തീര്‍ക്കാൻ ഞാൻ ചപ്പാത്തി കൊടുത്തു കൊണ്ടെയിരുന്നു 15 എണ്ണം ആയിട്ടും അവൻ തിന്നുന്നത് നിര്‍ത്താതെ ആശയോടെ വീണ്ടും നോക്കിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ ചപ്പാത്തി ഉണ്ടാക്കി മടുത്തു  ഞാൻ നിർത്തി (ഇവൻ കഴിഞ്ഞ ജന്മം സര്‍ദാര്‍ജി ആയിരുന്നോ എന്ന് പറഞ്ഞു മക്കൾ കളിയാക്കി).

ഇപ്പോൾ കാക്കനാട് ഇൻഫോപാർക്ക്‌ നില്ക്കുന്ന സ്ഥലത്ത് ആണ് ഞാൻ ആ  കാലത്ത് നടക്കാൻ പോയിരുന്നത് .   എന്റെ കൂടെ ബ്രൂണോയും ഇറങ്ങും. അന്ന് ആ സ്ഥലം വെള്ളവും  ചെടിയും കാടും നിറഞ്ഞ സ്ഥലമായിരുന്നു.   ഇന്ഫോപാര്‍ക്കിനു വേണ്ടി  പാഴ്നിലം നികത്തുന്ന ജോലി ചെയ്യാനായി ചില തമിഴര്‍ മാത്രം അവിടെ കാണുമായിരുന്നു. ഇടക്കുണ്ടായിരുന്ന ചെറിയ റോഡില്‍ കൂടെയാണ് ഞങ്ങള്‍ നടക്കാറുണ്ടായിരുന്നത്. കൂടെ നടക്കുന്ന ബ്രൂണോയെ ചിലപ്പോള്‍ നോക്കിയാല്‍ കാണില്ല. അവന്‍ റോഡിന്റെ രണ്ടു വശത്തുമുള്ള കുറ്റിചെടികള്‍ക്കിടയില്‍ മറഞ്ഞിട്ടുണ്ടാകും. ആരെങ്കിലും എന്റെ എതിരെ വരുന്നത് കണ്ടാൽ  എവിടെ നിന്ന് എന്നറിയില്ല അവൻ ഓടിഎത്തി  എന്നെ ചേർന്ന് നടക്കും.  നോട്ടം ആ അപരിചിതന്റെ കണ്ണിൽ  തന്നെയാകും. ഭീമാകാരമായ ബ്രൂണോയെ കണ്ടു ആളുകള്‍ക്ക് പേടിയാകും പക്ഷെ  അവൻ വീട്ടില്‍ നിന്നു പുറത്തിറങ്ങിയാൽ ആരെയും ദ്രോഹിക്കില്ലായിരുന്നു.

ഞാൻ ഓഫീസ് വിട്ടു വരുന്ന നേരം ആയാൽ  റോഡിൽ എന്നെ കാത്തു നിന്ന് എന്റെ കുട വാങ്ങി കടിച്ചുപിടിച്ചു  മമ്മിയുടെ സ്ഥലം അവിടെയാ എന്ന് ഉറപ്പിക്കാനെന്ന പോലെ നേരെ അടുക്കളയിൽ  കൊണ്ട് വെക്കും. എന്റെ ഭര്‍ത്താവ് ഓഫീസില്‍ നിന്നു വരുന്നത് അവനറിയാം. ദൂരെ നിന്നു തന്നെ അദ്ദേഹത്തിന്റെ   വണ്ടിയുടെ ശബ്ദം അവന്‍ തിരിച്ചറിയും. ചെവികള്‍ ഉയര്‍ത്തി ജാഗരൂകനായി നില്‍ക്കുന്ന ബ്രൂണോയെ കണ്ടാലറിയാം അദ്ദേഹം വരുന്നുണ്ടെന്നു.

അത്തം കഴിഞ്ഞാല്‍ ഞങ്ങള്‍  പൂക്കള്‍ പറിക്കാന്‍ പോകുന്നതും പൂക്കളമൊരുക്കുന്നതും ഒക്കെ നോക്കി അവന്‍ കൂടെ നടക്കും. പൂക്കളത്തിന്റെ അരികില്‍ പോകുകയോ അത് ചാടി കടക്കുകയോ ഒരിക്കലും ചെയ്തിരുന്നില്ല.

എന്റെ മകന്റെ കൂടെ ഫുട്ബാൾ കളിക്കാൻ ബ്രൂണോയ്ക്ക് വളരെ ഇഷ്ടമായിരുന്നു. അതിനായി എന്റെ ഭർത്താവ്  ഒരു വലിയ ഫുട്ബാൾ വാങ്ങി കൊണ്ട് വന്നിരുന്നു.

വിഷുവിനു പടക്കം പൊട്ടിക്കാന്‍ ഞങ്ങള്‍ കുട്ടികളെയും കൂട്ടി ടെറസ്സിന്റെ മുകളിലേക്ക് പോകുമ്പോള്‍  ബ്രൂണോവും കൂടെ  ഓടി വരും. പടക്കവും പൂത്തിരിയും ഒക്കെ  കാണാൻ അവനു  എന്ത് സന്തോഷമായിരുന്നുവെന്നോ! അവനൊരു മധുര പ്രിയനായിരുന്നു. പായസം കുടിക്കാനും ലഡ്ഡുവും ജിലേബിയും തിന്നാനും വളരെ ഇഷ്ടമായിരുന്നു.

എന്റെ മകളുടെ കല്യാണം കഴിഞ്ഞു ഞങ്ങൾ മൂന്നാഴ്ചയോളം ചെന്നൈയിലും കൊല്‍ക്കത്തയിലും അഗർത്തലയിലും ഒക്കെ ആയിരുന്നു. ബ്രൂണോക്ക്  ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും  ആളെ ഏർപ്പാടാക്കിയിരുന്നു. പക്ഷെ   തിരിച്ചു വന്നപ്പോൾ ഒരു കുട്ടി പിണങ്ങിയ പോലെ അവൻ എനിക്ക് മുഖം തരാതെ എന്നോട് മിണ്ടാതെ മാറിയിരുന്നു. (മറ്റാരോടും പിണക്കം കാണിച്ചുമില്ല)

അവനെ ഞങ്ങള്‍ ഒരിക്കലും കൂട്ടില്‍ അടച്ചിരുന്നില്ല. ചങ്ങലക്കിടുന്നതും അവനു തീരെ ഇഷ്ടമില്ലായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നും അവന്‍ മതില് ചാടി പുറത്തു പോയി കുറെ കഴിഞ്ഞു തിരിച്ചു വരും.  കാക്കനാട് പാമ്പുകള്‍ ഒരുപാടുണ്ടായിരുന്നു. ആ കാലത്ത് ഫ്ലാറ്റ് പണിയാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. സമീപ പുരയിടങ്ങളൊക്കെ ജെ സീ ബീ വന്നു കിളച്ചു മറിച്ചു കൊണ്ടിരുന്നത്, പാമ്പുകള്‍ക്ക് വാസസ്ഥലം വിട്ടു അവശേഷിച്ച സ്ഥലങ്ങളിലേക്ക് കുടിയേറാന്‍ അവസരമുണ്ടാക്കി. പാമ്പുകളെ എവിടെ കണ്ടാലും അവൻ  കടിച്ചു കുടഞ്ഞു കൊല്ലുമായിരുന്നു. ഒരുനാൾ അവൻ പതിവുപോലെ വീട്ടിൽ  നിന്നിറങ്ങി എങ്ങോട്ടോ പോയി. അപ്പിയിടാനാവും എന്ന് കരുതി. പക്ഷെ അന്ന് തിരിച്ചു വന്നില്ല . അടുത്ത ദിവസം അയലത്തെ  ഒരു സ്ത്രീ വന്നു ചോദിച്ചു, "ബ്രൂണോ ഇവിടെ ഇല്ലേ?'' അവിടെ ഫ്ലാറ്റ് പണിയുന്ന സ്ഥലത്ത് ബ്രൂണോയെപ്പോലെ ഒരു നായ ചത്തു കിടക്കുന്നു എന്ന്. എന്റെ ഭര്‍ത്താവ് ചെന്ന് നോക്കുമ്പോൾ അത് ബ്രൂണോ തന്നെയായിരുന്നു; അടുത്ത് തന്നെ ഒരു അണലിയും ചത്തു കിടന്നിരുന്നു. ബ്രൂണോയുടെ നവദ്വാരങ്ങളിലും രക്തം നീലിച്ചു കിടന്നിരുന്നുവത്രേ.  ഞാന്‍ കാണാന്‍ പോയില്ല. എനിക്ക് അവന്റെ ജീവനില്ലാത്ത രൂപം കാണാന്‍ ശക്തിയില്ലായിരുന്നു. എന്നെ നോക്കി ചിരിക്കുന്ന, എന്നോട് കലഹിക്കുന്ന, എന്നെ സ്നേഹത്തോടെ ഉമ്മ വെക്കുന്ന എന്റെ ഇളയ മകന്‍ തന്നെയായിരുന്നവനെ ഞാന്‍ എങ്ങനെ ആ നിലയില്‍ കാണും. 

വീട്ടില്‍ അന്ന് ജോലിക്ക് നിന്നിരുന്ന പയ്യന്‍ ബ്രൂണോ  കിടന്ന സ്ഥലത്ത് തന്നെ അവനെ കുഴിയെടുത്തു മൂടി. അവനന്നു കിടന്ന സ്ഥലത്ത് ഇന്ന് നാഗാര്‍ജുനക്കാരുടെ ഫ്ലാറ്റ് ഉയര്‍ന്നു നില്ക്കുന്നു..

പിന്നീട് വീട്ടില്‍  വളര്‍ത്തിയ മൂന്നു അൽസേഷ്യന്മാരെയൊന്നും എനിക്ക് ഇഷ്ടപ്പെടാനേ കഴിഞ്ഞിട്ടില്ല. അവൻ, ആ സങ്കരസന്തതി, അത്രമേൽ  എന്റെ മനസ്സിൽ  ജീവിക്കുന്നു, ഇപ്പോഴും!